തിരുവനന്തപുരം: തലസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ തപോഷ് ബസ്മതാരി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്. ഡെപ്യൂട്ടേഷനിൽ എൻഐഎ എസ്പിയായാണ് പുതിയ നിയമനം. അസം സ്വദേശിയാണ് തപോഷ് ബസ്മതാരി.
തലസ്ഥാനത്തെ നിരവധി നിർണായക കേസുകളിൽ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥനാണ് തപോഷ് ബസ്മതാരി. പിണറായി വിജയന്റെ മകളുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാൻ നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.
പ്രതികൾ ഒളിച്ചിലിരുന്ന സിപിഎമ്മിന്റെ പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ ആദ്യമെത്തിയ പോലീസ് സംഘത്തെ നയിച്ചതും ഡിസിപിയായിരുന്നു. പ്രതികളെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ആദ്യം ചർച്ചകൾ നടത്തിയത് ഇദ്ദേഹമായിരുന്നു.
പിന്നീട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് നേരിട്ടെത്തിയ ശേഷമാണ് പ്രതികളെ പാർട്ടി ഓഫീസിൽ നിന്ന് പോലീസിന് വിട്ടുകൊടുത്തത്.